ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ അന്തരിച്ചു


എറണാകുളം: ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) അന്തരിച്ചു. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് ബാവ കാലംചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടർന്നിരുന്നത്. തിങ്കളാഴ്ച പുലർച്ചെ 2.35 നാണ് അദ്ദേഹം കാലം ചെയ്തത്.

മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തുക.
തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെഐ ഐപ്പിന്‍റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ഓഗസ്റ്റ് 30-നാണ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ജനനം. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബിഎസ് സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയ അദ്ദേഹം 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടുന്നത്.
പിന്നീട് സഭയുടെ നേതൃത്വത്തിലേക്ക് പടിപടിയായി ഉയർന്ന അദ്ദേഹം 2010 നവംബര്‍ ഒന്നിന് ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് സഭാധ്യക്ഷനായി. ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്കയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ.

You might also like

  • Straight Forward

Most Viewed