ഡോക്ടർമാർക്കുണ്ടായ ബുദ്ധിമുട്ട് ഉക്കൊള്ളുന്നു; പ്രതിയായ പോലീസുകാരനെ സംരക്ഷിക്കില്ലെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ജോലിക്കിടെ ഡോക്ടർ ക്രൂരമായി മർദനമേറ്റ സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ഡിജിപിയോട് വിവരങ്ങൾ തേടി. ഡോക്ടർമാർക്കുണ്ടായ ബുദ്ധിമുട്ട് ഉൾക്കൊള്ളുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പോലീസുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടർ പ്രതിഷേധം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. ഇടതുപക്ഷ പ്രവർത്തകനായിട്ടു പോലും നീതി കിട്ടിയില്ലെന്നും രാജിവയ്ക്കുകയാണെന്നും മർദനത്തിനിരയായ ഡോക്ടർ രാഹുൽ മാത്യു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുൽ മാത്യുവിനെ മർദിച്ചത്.
മേയ് 14നാണ് സംഭവം നടന്നത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയിൽ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മർദനം. അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയിൽ എത്തി അഭിലാഷ് ഡോക്ടർ രാഹുലിനെ മർദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി വെള്യാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ മറ്റു ഒപി സേവനങ്ങളും നിർത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രതിക്കെതിരെ ശക്തമായ നടപടി ഉറപ്പ് നൽകി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

