തിരഞ്ഞെടുപ്പ് ആഘോഷം നടത്തിയാൽ മൂന്ന് വർഷം തടവും പിഴയും
കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനത്തിലെ ആഘോഷ പരിപാടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി പോലീസും രംഗത്ത്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്‍റെ പേരിൽ പുറത്തിറങ്ങിയാൽ കേരള എപ്പിഡമിക് ആക്ട് പ്രകാരം ഒന്നു മുതൽ മൂന്ന് വർഷം തടവും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടം കൂടുക, പൊതുഗതാഗതം തടസപ്പെടുത്തൽ, നിർദേശം ലംഘിച്ച് വാഹനം ഓടിക്കൽ, പോലീസിന്‍റെ ജോലി തടസപ്പെടുത്തൽ എന്നിവ കേസിന്‍റെ പരിധിയിൽ ഉൾപ്പെടും. താഴെത്തട്ടുമുതൽ ആഘോഷ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രാഷ്ട്രീയ പാർട്ടികൾക്കു കത്തു നൽകും. മനുഷ്യാവകാശ കമ്മിഷന്‍, ആരോഗ്യ വകുപ്പ്, സംസ്ഥാന പോലീസ് എന്നീ വകുപ്പുകളുടെ നിർദേശത്തോടെയുള്ള കത്താണിത്.
ഡ്രോൺ ക്യാമറ നിരീക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പോലീസ് പരിശോധനക്ക് എറണാകുളം സിറ്റിയിലും റൂറലിലുമായി 5000ലധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സേനയുടെ പരിശോധനയും ഉണ്ടാകും. കൂട്ടം ചേർന്നുള്ള ആഹ്ലാദ പ്രകടനങ്ങൾക്ക് പുറമേ ഒറ്റയാൾ പ്രകടനവും വേണ്ടെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി നേരിട്ടാണ് നിയന്ത്രണത്തിന്‍റെ ചുമതല വഹിക്കുന്നത്. ഡിസിപി, എസിപി, എസ്പി, ഡിവൈഎസ്പി എന്നിവക്ക് പ്രത്യേകം ചുമതലകളും നൽകിയിട്ടുണ്ട്. എല്ലാ ജംഗ്ഷനുകളിലും പോലീസിന്‍റെ സാന്നിധ്യമുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 100 ഉദ്യോഗസ്ഥരാകും ഉണ്ടാകുക. പ്രധാന ഇടങ്ങളിൽ കേന്ദ്രസേനയും. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും നടക്കും.
