തലശ്ശേരി, ദേവികുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി
ഇടുക്കി: തലശ്ശേരി, ദേവികുളം, ഗുരുവായൂർ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. ദേവികുളം മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളിയിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി എ.ഐ.എ.ഡി.എം.കെയുടെ ആർ.എം ധനലക്ഷ്മി, എന്‍.ഡി.എയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബി.എസ്.പിയില്‍ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. ഫോം 26ലെ ക്രമക്കേട് കാരണമാണ് നോമിനേഷൻ തള്ളാൻ കാരണം.
2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയാണ് ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ധനലക്ഷ്മി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡി.കുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.രാജയുമാണു നിയമസഭയിലേക്കു കന്നി അങ്കത്തിനിറങ്ങുന്നത്.
തലശ്ശേരി മണ്ഡലം ബി.ജെ.പി സ്ഥാനാർഥി എൻ ഹരിദാസിന്‍റെ പത്രികയും വരണാധികാരി തള്ളി. ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയാണ് ഹരിദാസ്. അതേസമയം ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. മഹിള മോര്‍ച്ച സംസ്ഥാന നേതാവ് അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് സത്യവാങ്മൂലത്തിലില്ലെന്നതാണ് കാരണം.

