പി.സി തോമസ് എൻഡിഎ വിട്ടു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് എൻഡിഎ വിട്ടു. പാർട്ടി സ്ഥാനാർത്ഥികൾക്കെല്ലാം ഒറ്റചിഹ്നം തന്നെ ലഭിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രജിസ്ട്രേഷനുള്ള ചെറുപാർട്ടിയിൽ ലയിക്കാൻ നടത്തിയ നീക്കത്തിന്‍റെ കൂടി ഭാഗമാണ് തോമസിന്‍റെ നടപടി. പി.സി തോമസിന്‍റെ കേരള കോൺഗ്രസിൽ ജോസഫ് ഗ്രൂപ്പ് ലയിക്കുമെന്നാണ് വിവരം. ലയനം ഇന്ന് കടുത്തുരുത്തിയിൽ വച്ച് നടക്കും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നു പി.ജെ. ജോസഫിന്‍റെ നിർദേശ പ്രകാരം രണ്ടു പ്രമുഖ നേതാക്കളാണ് ലയന നീക്കങ്ങൾക്ക് ചുക്കാൻ പടിച്ചത്.
ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് എന്ന പേര് ലഭിക്കും. ലയിച്ചതിനുശേഷം പാർട്ടിക്ക് പുതിയ പേര് നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പട്ടികയിൽ ചെണ്ട ചിഹ്നം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും. പി.ജെ ജോസഫ് തന്നെയായിരിക്കും ചെയർമാൻ. പി.സി തോമസിനും ഇതിനോടു യോജിപ്പാണെന്നാണ് വിവരം. വർക്കിംഗ് ചെയർമാൻ സ്ഥാനമാണ് പി.സി തോമസിന്‍റെ ആവശ്യം. ജോണി നെല്ലൂരിനെയും കെ. ഫ്രാൻസിസ് ജോർജിനെയും മോൻസ് ജോസഫിനെയും വൈസ് ചെയർമാൻമാരും ജോയി ഏബ്രഹാമിനെയും പി.സി തോമസ് വിഭാഗത്തിലെ പ്രമുഖനെയും ജനറൽ സെക്രട്ടറിമാരുമാക്കുമെന്നാണ് വിവരം. രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തിൽ സുപ്രീംകോടതിയിൽനിന്നു തിരിച്ചടി നേരിട്ടതോടെയാണ് ജോസഫ് ഗ്രൂപ്പ് ലയനനീക്കം ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാർത്ഥികളെയും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് ഇലക്ഷൻ കമ്മീഷൻ പരിഗണിക്കുക. എല്ലാവർക്കും ഒരേ ചിഹ്നം ലഭിക്കാൻ സാധ്യത കുറവാണ് എന്ന സാധ്യത കണക്കിലെടുത്താണ് ജോസഫ് ലയന നീക്കം വേഗത്തിലാക്കിയത്.