കേരളത്തിൽ 11.6 ശതമാനം ആളുകൾക്കും കൊവിഡ് വന്നുപോയതായി സീറോ സർവ്വെ ഫലം
തിരുവനന്തപുരം: കേരളത്തിൽ 11.6 ശതമാനം പേരിലും കൊവിഡ് വന്നുപോയതായി ഐ.സി.എം.ആറിന്റെ സർവേ റിപ്പോർട്ട്. അത് സംബന്ധിച്ച റിപ്പോർട്ട് ഐസിഎംആറിൽ നിന്ന് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 2020 മേയ്, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് സീറോ സർവേ നടത്തിയത്. കേരളത്തിൽ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സർവയലൻസ് പഠനം നടന്നത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിൽ രോഗം വന്നുപോയതായി കണ്ടെത്തിയത്. മെയ് മാസത്തിൽ നടന്ന ഒന്നാം ഘട്ട പഠനത്തിൽ കേരളത്തിൽ 0.33 ശതമാനം പേർക്ക് കൊവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റിൽ നടന്ന രണ്ടാം ഘട്ട പഠനത്തിൽ കേളത്തിൽ 0.8 ശതമാനം പേർക്ക് കൊവിഡ് വന്നു പോയപ്പോൾ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.




