കെ.എം ബഷീറിന്റെ മരണം; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി
കൊച്ചി: മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് നല്‍കാമെന്ന് കോടതി. ദൃശ്യങ്ങളുടെ പകര്‍പ്പ് ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചു. സൈബര്‍ സെല്‍ ഡിവൈഎസ്പി തുടര്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. സിസി ടിവി ദ്യശ്യങ്ങള്‍ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് കെ എം ബഷീര്‍ മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ കാറിടിക്കുകയായിരുന്നു.

