ആലപ്പുഴയില്‍ ആര്‍എസ്എസ് പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ
ആലപ്പുഴ: ആലപ്പുഴയില്‍ ആര്‍എസ്എസിന്റെ പരിപാടി കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു. അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവാണ് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനമാണ്. ക്ഷേത്ര ഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനമാണ് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് നടത്തിയത്. ചേര്‍ത്തല കടവില്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പണം വാങ്ങി രസീത് വാങ്ങുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

