സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭയില്‍; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: പി. ശ്രീരാമകൃഷണനെ സ്പീക്കർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ചർച്ച ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത്. പ്രമേയത്തിന് മുന്നോടിയായി സ്പീക്കർ ഇരിപ്പിടം മാറി. ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലാണ് സ്പീക്കർ ഇരിക്കുന്നത്. നയതന്ത്ര സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും സ്പീക്കർക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പ്രതിപക്ഷം പ്രമേയത്തിന് നോട്ടീസ് നൽകിയത്. എം. ഉമ്മർ എം.എൽ.എ പ്രമേയം അവതരിപ്പിക്കും. ചോദ്യോത്തര വേള കഴിഞ്ഞതിന് ശേഷം ഉമ്മറിന്‍റെ നോട്ടീസ് സഭ പരിഗണിക്കും. ചർച്ചയ്‌ക്കൊടുവിൽ വോട്ടെടുപ്പ് നടത്തും. എന്നാൽ സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടും. കേരള നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം ചർച്ചയ്‌ക്കെടുക്കുന്നത്.
