ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കും. കഴിഞ്ഞ ദിവസമാണ് കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തത്. ഈ സാഹചര്യത്തിലാണ് ഇവിടെ നിന്ന് സാന്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചത്. ഈ ഫലം പുറത്ത് വന്നപ്പോഴാണ് ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധ തന്നെയാണ് കൈനകരിയിലും സ്ഥിരീകരിച്ചിട്ടുള്ളത്.
വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. കൈനകരിയിലെ 700 താറാവ്, 1600 കോഴി എന്നിവയെ കൊന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. ഒരു മൃഗഡോക്ടര്‍ ഉള്‍പ്പെടുന്ന 10 അംഗ റാപ്പിഡ് റസ്‌പോണ്‍സ് ടീമാണ് പ്രക്രിയ നടത്തുന്നത്. നിലവില്‍ മനുഷ്യരിലേക്ക് വൈറസ് പകരാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും വിലയിരുത്തല്‍.
