ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ: കെ.വി തോമസ്
കൊച്ചി: ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ്. ചിലര്‍ തുടര്‍ച്ചയായി തന്നെ അവഹേളിക്കുകയാണ്. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വരെ ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൃത്യമായ നിലപാട് ശനിയാഴ്ച വിശദീകരിക്കാമെന്നും കെ.വി. തോമസ് വ്യക്തമാക്കി.
എറണാകുളത്ത് ഇടത് സ്വതന്ത്രനായി കെ.വി. തോമസ് എത്തുമെന്നാണ് നേരത്തെ പ്രചാരണം നടന്നിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത് മുതല്‍ കടുത്ത അതൃപ്തിയിലാണ് കെ.വി. തോമസ്. കെപിസിസിയുടെ ഉയര്‍ന്ന ഭാരവാഹിത്വമോ അതല്ലെങ്കില്‍ എഐസിസി ഭാരവാഹി സ്ഥാനമോ കെവി തോമസ് ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. കെപിസിസിയും കെ.വി. തോമസിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. ഈ നിരാശയാണ് കോണ്‍ഗ്രസ് നേതൃത്വവുമായി അകലാന്‍ ഇടയാക്കിയതെന്നാണ് വിവരം.
