കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം; പിണറായി മുഖ്യമന്ത്രിയെന്ന് സർവേ ഫലം


ന്യൂഡൽഹി: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായ സർവേ. 85 സീറ്റുകൾ വരെ നേടി സംസ്ഥാനത്ത് എൽഡിഎഫ് അധികാരം നിലനിറുത്തുമെന്നാണ് എബിപി- സി വോട്ടർ അഭിപ്രായ സർവേ വ്യക്തമാക്കുന്നത്. യുഡിഎഫിന് 53 സീറ്റുകൾ വരെ കിട്ടിയേക്കുമെന്നും സർവേ പറയുന്നു. എന്നാൽ എൻഡിഎക്ക് സീറ്റുകിട്ടുമോ എന്ന് സർവേ പറയുന്നില്ല. സ്വർണക്കടത്തുൾപ്പടെയുളള ആരോപണങ്ങളിൽപ്പെട്ട് വലഞ്ഞ ഇടതുമുന്നണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയമാണ് വോട്ടർമാർ സമ്മാനിച്ചത്. ഉടൻ നടക്കുന്ന നിമയസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുകേന്ദ്രങ്ങൾ. തുടർ ഭരണമെന്ന അവരുടെ വിശ്വാസത്തിന് ആക്കം കൂട്ടുന്നതാണ് സർവേ ഫലം. സ്വർണക്കടത്ത് ആരോപണങ്ങൾ പുറത്തുവരുന്നതിന് മുന്പ് നടന്ന ഒരു അഭിപ്രായ സർവേയിലും സംസ്ഥാനത്ത് തുടർഭരണമുണ്ടാകുമെന്ന് വ്യക്തമായിരുന്നു.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും തമിഴ്‌നാട്ടിൽ യുപിഎ സഖ്യവും അസമിലും പുതുച്ചേരിയിലും എൻഡിഎയും അധികാരത്തിലെത്തുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിൽ തൃണമൂലിന് 154 മുതൽ 162 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ഇവിടെ പ്രധാന എതിരാളിയായ ബി ജെ പിക്ക് 98 മുതൽ 106 സീറ്റുകൾവരെ കിട്ടിയേക്കുമെന്നാണ് പ്രവചനം. കോൺഗ്രസ് - ഇടത് സഖ്യത്തിന് 26 മുതൽ 34 വരെ സീറ്റുകൾ ലഭിക്കും.
തമിഴ്‌നാട്ടിൽ ഡിഎംകെ- കോൺഗ്രസ് സഖ്യം 162 സീറ്റുകൾ നേടും. ഇപ്പോഴത്തെ ഭരണകക്ഷിയായ എഐഎഡിഎംകെ- ബിജെപി സഖ്യത്തിന് വെറും 64 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക.ആസമിൽ ഭരണകക്ഷിയായ എൻ ഡി എയ്ക്ക് 77 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 126 അംഗ സഭയിൽ യുപിഎ 40 സീറ്റുകളിലും എ ഐ യു ഡി എഫ് ഏഴ് സീറ്റുകളിലും വിജയിക്കുമെന്നും സർവേ പറയുന്നു. പുതുച്ചേരിൽ എൻഡിഎ നേടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. 30ൽ 16 സീറ്റുകളായിരിക്കും എൻഡിഎ നേടുക. കോൺഗ്രസ് ഡിഎംകെ സഖ്യത്തിന് 14 സീറ്റുകളായിരിക്കും ലഭിക്കുക.

You might also like

  • Straight Forward

Most Viewed