പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി; പ്രതിഷേധം
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബി ജെ പി പാർട്ടികൊടി കെട്ടിയെന്ന് ആരോപണം. നഗരസഭയിൽ സ്ഥിരം കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ വളപ്പിനുളളിലെ ഗാന്ധിപ്രതിമയിൽ ബി ജെ പി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. തുടർന്ന് പൊലീസെത്തി കൊടി അഴിച്ച് മാറ്റുകയായിരുന്നു.
സംഭവത്തിൽ ബി ജെ പിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ഡി വൈ എഫ് ഐ പ്രവർത്തകരെത്തി. കോൺഗ്രസ് കൗൺസിലർമാർ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. ബി ജെ പി പ്രവർത്തകർ ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയിൽ കൊടി പുതപ്പിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ ആരോപണം നിഷേധിച്ച് ബി ജെ പി രംഗത്തെത്തി. കൊടി പുതപ്പിച്ചതാരാണെന്ന് കണ്ടെത്താൻ ബി ജെ പിയും നഗരസഭ അധികൃതരും രേഖാമൂലം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

