പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
ആലപ്പുഴ: പക്ഷിപ്പനിയെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. സംസ്ഥാനമെമ്പാടും ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളിൽ ചത്ത താറാവുകളുടെ സാന്പിളുകൾ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പളളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിൽ 34602 പക്ഷികളെയും കോട്ടയത്ത് മൂവായിരം പക്ഷികളേയും കൊന്നൊടുക്കും.
പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്ക് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലുളള വളർത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരമായിരിക്കും നടപടി.

