ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു: മനുഷ്യരിലേക്ക് പകരാനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H-5 N-8എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടർന്നാണ് ഭോപ്പാൽ ലാബിലേക്ക് സാന്പിൾ അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ തലവടി, എടത്വ, പള്ളിപ്പാട്, തഴക്കര എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂരിൽ പതിനാലാം വാർഡിലുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് ഒരാളുടെ പക്കലുള്ള 8000 താറാവുകളുടെ കൂട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ താറാവുകളെ മുഴുവൻ കൊന്നൊടുക്കുമെന്നും സമീപത്ത് മറ്റ് പക്ഷികളില്ലെന്നും മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കരുതൽ നടപടിയെടുത്തു തുടങ്ങി. രോഗം സ്ഥിരീകരിച്ച ആലപ്പുഴ-കോട്ടയം ജില്ലകളിൽ കളക്ടർമാരുടെ നേത്യത്വത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകി.

