മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു


 

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് മരിച്ചു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വച്ചാണ് വാഹനാപകടമുണ്ടായത്. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ഇത് വരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്സാക്ഷികൾ നൽകിയ സൂചന. പൊലീസ് വാഹനം കണ്ടെത്താൻ അന്വേഷണം തുടങ്ങി. വാഹനാപകടത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
ജയ്‍ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇപ്പോൾ ചില ഓൺലൈൻ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിയാണ്.

You might also like

  • Straight Forward

Most Viewed