കൊട്ടിക്കലാശത്തിന് മുക്കത്ത് യുഡിഎഫ്- വെൽഫെയർ പാർട്ടി സംയുക്ത റാലി

കോഴിക്കോട്: മുക്കം നഗരസഭയിലെ ആറ് വാർഡുകളിൽ യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്നുള്ള സംയുക്ത റാലി. കൊട്ടിക്കലാശത്തോടനുബന്ധിച്ചാണ് വെൽഫെയർ പാർട്ടിയും യുഡിഎഫും ചേർന്ന് സംയുക്തറാലി നടത്തുന്നത്. ഇരുപാർട്ടികളുടെയും പ്രവർത്തകർ വലിയ കൂട്ടമായി എത്തി റാലിയിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുസ്ലിംലീഗും മുന്നണി കൺവീനർ എം എം ഹസ്സനും ആവർത്തിക്കുന്നു. അതേസമയം, ഇതിനെ നിഷേധിക്കുന്ന നിലപാടിൽ മറ്റ് യുഡിഎഫ് നേതാക്കൾ ഉറച്ചുനിൽക്കുന്നു. ഇതിനെല്ലാമിടയിലാണ് ഒറ്റക്കെട്ടായുള്ള കൊട്ടിക്കലാശത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. മുക്കം നഗരസഭയിലെ 18, 19, 20, 21, 22, 23 എന്നീ വാർഡുകളിലാണ് യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്ന് പരസ്യമായി കൊട്ടിക്കലാശവും പ്രചാരണവും നടത്തിയത്. ബൈക്ക് റാലിയിൽ നിരവധി പ്രവർത്തകർ ഒന്നിച്ച് പതാകയുമായി എത്തി വൻപ്രചാരണം നടത്തി.