രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. നിയമസഭയെ അവഹേളിച്ചെന്ന് കാണിച്ചാണ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതിന് പിന്നാലെ ചെന്നിത്തല നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സിപിഎം എംഎൽഎയായ ഐ ബി സതീഷാണ് നോട്ടീസ് നൽകിയത്. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന പാവ മാത്രമാണ് സ്പീക്കറെന്നുമടക്കമുള്ള പരാമർശങ്ങളാണ് രമേശ് ചെന്നിത്തല നടത്തിയത്.
ചെന്നിത്തലയുടെ പരാമർശങ്ങൾ സഭയോടുള്ള അവഹേളനവും സ്പീക്കർ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശ ലംഘനത്തിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഐബി സതീഷ് എംഎൽഎ സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

