ബുറെവി; കേരളത്തിലെത്തുന്പോൾ ചുഴലിക്കാറ്റിന്റെ തീവ്രത കുറയും
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങൾക്ക് ആശ്വാസമായി ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ മാറ്റം. നാളെ ഉച്ചയോടെ മാത്രമേ കാറ്റ് കേരള തീരത്ത് എത്തുകയുള്ളൂ. കേരളത്തിൽ എത്തുന്പോൾ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമർദ്ദം ആകും. എങ്കിലും ശക്തമായ കാറ്റും മഴയും ഇതു കടന്നുപോകുന്പോൾ പ്രതീക്ഷിക്കണം.
കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന ഏറ്റവും പുതിയ വിവര പ്രകാരം ബുറെവി ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ വച്ചു തന്നെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യുന മർദ്ദമായി, തുടർന്ന് തിരുവനന്തപുരം പൊന്മുടിയുടെ അടുത്ത് കൂടി നാളെ ഉച്ചയോടെ കേരളത്തിൽ പ്രവേശിക്കും.
ഇതിന്റെ പശ്ചാത്തലത്തിൽ പൊൻമുടിയിലെ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ എത്തിക്കും.
നാളെ പകൽ തമിഴ്നാട്ടിൽ തിരുനെൽവേലിക്കും തെങ്കാശിക്കും ഇടയിലൂടെ കേരളം ലക്ഷ്യമാക്കി നീങ്ങുന്പോഴും ചുഴലിക്കാറ്റിന് 75 കി.മി വരെ വേഗമുണ്ടാകും. ഇത് കേരളത്തിൽ എത്തുന്പോൾ 60-65 കി.മി ലേക്ക് കുറയും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

