സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ടുമണിക്കൂർ മാത്രം അനുമതി
തിരുവനന്തപുരം: ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാൻ രണ്ടുമണിക്കൂർ മാത്രം അനുമതി. രാത്രി എട്ടുമുതൽ പത്തുവരെ മാത്രമാണ് അനുമതി നൽകിയിട്ടുളളത്. ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതൽ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിട്ടുളളത്. ഉത്തരവ് കർശനമായി പാലിക്കാനാണ് ബന്ധപ്പെട്ടവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

