ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം തെളിവുകൾ നശിപ്പിക്കാൻ; കെ.സുരേന്ദ്രൻ
തൃശൂർ: ലൈഫ് മിഷൻ വിവാദത്തിലും മറ്റ് വിഷയങ്ങളിലും സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. 'ലൈഫ് മിഷൻ കേസ് ഹൈക്കോടതിയിൽ പരിഗണിച്ച സമയത്ത് മുഖ്യമന്ത്രി ഈ പദ്ധതി യു.എ.ഇ സർക്കാരും കരാറുകാരായ യൂണിടാക്കും തമ്മിലാണെന്നും സർക്കാരിന് ബന്ധമില്ലെന്നും അവകാശപ്പെട്ടു. കോടതിയിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ ഉപയോഗിച്ച പ്രധാന വാദവും ഇതായിരുന്നു. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ ഭയക്കുന്നു.' സുരേന്ദ്രൻ പറഞ്ഞു. സിബിഐ എത്തുംമുൻപ് ഫയലുകൾ പിടിച്ചെടുക്കാനും അവയിലെ തെളിവുകൾ നശിപ്പിക്കാനുമാണ് ശിവശങ്കറിനെ വിജിലൻസ് കേസിൽ പ്രതി ചേർത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം കൂട്ടിലെ വിജിലൻസിനെ ഉപയോഗിച്ച് സത്യം പുറത്ത് വരാതിരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് സുരേന്ദ്രൻ പറഞ്ഞു.




