നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം; പോലീസിന് കോവിഡ് രോഗികളുടെ വിവരം ശേഖരിക്കാനുള്ള അവകാശമില്ല

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. കോൾ ഡീറ്റൈൽ റെക്കോര്‍ഡ് (സിഡിആർ) പോലീസ് ശേഖരിക്കുന്നത് എന്തിന് വേണ്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുരുതര മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തുന്നത്. മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം. ടെലഗ്രാഫ് ആക്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിക്കണം. പ്രതികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമേ അനുവദിക്കുന്നുള്ളൂ. വ്യക്തികളുടെ സിഡിആർ ശേഖരിക്കാൻ പോലീസിന് അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്ളർ ഉള്ളപ്പോൾ പോലീസ് എന്തിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്പ്രിങ്ക്ളർ കൊണ്ട് എന്ത് ഗുണമുണ്ടായെന്നും ചെന്നിത്തല ചോദിച്ചു. കോവിഡിനെ നിയന്ത്രിക്കാനുള്ള ആധുനിക സംവിധാനമാണ് സ്പ്രിങ്ക്ളർ എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞത് സ്പ്രിങ്ക്ളർ ഇല്ലാതെ മഹാമാരിയെ നേരിടാൻ കഴിയില്ല എന്നാണ്. കേരളം സർവയിലൻസ് സ്റ്റേറ്റ് ആക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
കോവിഡ് രോഗികളുടെ വിവരം പോലീസും ശേഖരിക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്. പോലീസിന് സിഡിആർ ശേഖരിക്കാനുള്ള അവകാശമില്ല. എന്ത് ഉത്തരവിന്‍റെ അനുസരിച്ചാണ് പോലീസ് നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണഘടനയുടെ 21-ാം അനുഛേദത്തിന്‍റെ നഗ്നമായ ലംഘനമാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.