നിയമസഭാ സമ്മേളനം മാറ്റിയേക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കും. 27ാം തീയതിയിലെ ഏകദിന നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തിരുവനന്തപുരത്തെ സ്ഥിതി മോശമായ സാഹചര്യത്തിലാണ് പുതിയ ആലോചന. നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനിരുന്ന ധനബിൽ ഓർഡിനൻസായി കൊണ്ടുവന്നേക്കും. നിയമസഭാ സമ്മേളനം മാറ്റുന്നതടക്കം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം നടത്താൻ കഴിയില്ലെന്ന് സർക്കാർ ഗവർണറെ അറിയിക്കും.
എന്നാൽ സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതിനെതിരെ പ്രതിപക്ഷം ഇതിനോടകം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കൽ പ്രമേയവും അവിശ്വാസ പ്രമേയവും നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനെ തടയാനാണ് സർക്കാർ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. വെള്ളിയാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കും.


