സ്വർണക്കടത്ത്: മുഖ്യകണ്ണി റമീസ്, സന്ദീപും സ്വപ്‌നയും കുറ്റം സമ്മതിച്ചെന്നും എൻഐഎ
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എൻഐഎ. സ്വർണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ പറയുന്നു. പിടിയിലാകുന്നതിന് മുന്പ് പ്രതികൾ ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ലോക്ഡൗൺ സമയത്തെ രാജ്യത്തെ സ്ഥിതികൾ ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചത് റമീസാണ്. ഈ ആശയം മുന്നോട്ടുവെച്ചത് ഇയാളാണെന്നും സന്ദീപ് വെളിപ്പെടുത്തി. വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.


