കടയ്ക്കലിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം: മൂന്നു പേർ പിടിയിൽ
കൊല്ലം: കടയ്ക്കലിൽ എട്ടാ ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരാണ് അറസ്റ്റിലായത്. ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 23നാണ് പട്ടികജാതിക്കാരിയായ പതിമൂന്നുകാരി ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങിനിന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്നുളള പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പീഡനത്തിനിരയായെന്ന വിവരം കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുന്പുള്ള ദിവസങ്ങളിൽ വരെ പീഡനം നടന്നിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

