കൊവിഡ്: എടപ്പാളിൽ സ്ഥിതി സങ്കീർണം; ആരോഗ്യപ്രവർത്തകരുടെ സന്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്‌ക്കരം
മലപ്പുറം: ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എടപ്പാളിലെ സ്ഥിതി സങ്കീർണം. രോഗം സ്ഥിരികരിച്ച ആരോഗ്യപ്രവർത്തകരുടെ സന്പർക്കപട്ടിക തയാറാക്കുന്നത് ദുഷ്‌ക്കരം. പതിനായിരക്കണക്കിനാളുകളാണ് ഇവരുമായി സന്പർക്കം പുലർത്തിയിരിക്കുന്നത്. താലൂക്കിലെ ഓരോ വീടുകളും കയറി ഇറങ്ങി സന്പർക്കപ്പട്ടിക തയ്യാറാക്കാനാണ് ആരോഗ്യപ്രവർത്തകരുടെ ശ്രമം.
എടപ്പാളിലെ രണ്ട് ആശുപത്രികളിൽ ജൂൺ മാസം സന്ദർശിച്ചവരുടെ കണക്ക് ശേഖരിക്കാനാണ് ആരോഗ്യവകുപ്പ് നെട്ടോട്ടം ഓടുന്നത്. രണ്ട് ഇടങ്ങളിലുമായി സ്രവ സാന്പിൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണ്. ഇതിന് പുറമെ വാർഡ് അംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വീടുകൾ സന്ദർശിച്ച് ലിസ്റ്റ് ശേഖരിക്കുകയാണ്. ആശുപത്രികളുടെ കണക്ക് പ്രകാരം പതിനായിരക്കണക്കിന് പേർ സന്പർക്ക പട്ടികയിൽ ഉണ്ടെന്ന് ഇരിക്കെ വകുപ്പ് ഉദ്യേഗസ്ഥർക്ക് ലഭിച്ചത് ചുരുക്കം ചിലരുടെ വിവിരങ്ങൾ മാത്രമാണ്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി തുടരാാണ് തീരുമാനം.
ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആവശ്യവസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്താൻ പഞ്ചായത്തിൽ അഞ്ച് കടകളും, നഗരസഭയിൽ പത്ത് കടകളും തുറക്കാൻ തീരുമാനിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുമായി സന്പർക്കം പുലർത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. രണ്ട് ആശുപത്രികളിലുമായി 600 പരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. താനൂർ വില്ലേജ് ഓഫീസ് ജീവനക്കാരന് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ വില്ലേജ് ഓഫീസ് താൽക്കലികമായി അടച്ചു.

