ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാന്‍ ശുപാർശ നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ ശുപാർശ. ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ പറ്റിയ സാഹചര്യമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. കൊവിഡ് വ്യാപനവും കാലവർഷവും കാരണമായി ചൂണ്ടിക്കാണിച്ചാണ് ശുപാർശ. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ചയുണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി ഉപതെരഞ്ഞെടുപ്പുകൾ നടത്തണമെന്നായിരുന്നു തീരുമാനം. ഈ കണക്കുകൂട്ടലിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുന്നോട്ടുപോയിരുന്നത്. എന്നാൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും കേരളത്തിൽ കാലവർഷം ശക്തിപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള ശുപാർശ നൽകിയത്.
വരും മാസങ്ങളിൽ കേരളത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചാണ് ശുപാർശ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

