ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന ആവശ്യമില്ല
തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കും. വിമാനയാത്രയ്ക്കു മുന്പ് ആന്റിബോഡി ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് പുതിയ തീരുമാനം. വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ കോവിഡ് പരിശോധന നടത്തണമെന്ന ആദ്യ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകുന്നത്.
വിദേശത്തു നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ്−19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ വ്യവസ്ഥ വെച്ചത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവർക്ക് ഇത്തരം നിബന്ധനകൾ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികൾക്കിടയിൽ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത്.

