കണ്ണൂർ കാസർഗോഡ് അതിർത്തിയിൽ പ്രവാസികൾ കുടുങ്ങി; ക്വാറന്‍റീൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ

കണ്ണൂർ: ക്വാറന്‍റീൻ സൗകര്യമില്ലാത്തതിനാൽ കണ്ണൂർ കാസർഗോഡ് അതിർത്തിയിൽ നിരവധി പ്രവാസികൾ കുടുങ്ങിക്കിടക്കുന്നു. മൂന്ന് ബസുകളിലായി എത്തിയ 14 പേരാണ് കാലിക്കടവ് എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റിൽ നിന്ന് ഇന്നലെ രാത്രിയാണ് ഇവർ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ഇവരെ കെ.എസ്.ആർ.ടി.സി ബസുകളിലാണ് ക്വാറന്‍റീൻ ചെയ്യുന്നതിനായി എത്തിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് ബസുകളും കാലിക്കടവ് എത്തി.
പ്രാഥമിക സൗകര്യം പോലുമില്ലാതെ സ്ത്രീകൾ അടക്കമുള്ളവരാണ് ഇവിടെ അകപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഭക്ഷണം കഴിച്ചതെന്നും അതിന് ശേഷം ഭക്ഷണം ലഭിച്ചിട്ടില്ലെന്നും പ്രവാസികൾ പറഞ്ഞു. ക്വാറന്‍റീൻ സൗകര്യമില്ലാത്തതല്ല, പരീക്ഷാ ഡ്യൂട്ടിക്ക് ആരോഗ്യപ്രവർത്തകർ പോയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എഡിഎം വിശദീകരിക്കുന്നത്. ആരോഗ്യപ്രവർത്തകർ എത്തിയ ശേഷം പ്രവാസികളെ പരിശോധിച്ച് കടത്തിവിടുമെന്നും ഇവർ വിശദീകരിക്കുന്നു. അതിർത്തിയിൽ എത്തിയവരെ അതാത് പഞ്ചായത്തുകളിൽ എത്തിച്ച് ക്വാറന്‍റീൻ ചെയ്യുമെന്നും അധികൃതർ പറഞ്ഞു.