നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ; യുവതിക്ക് എതിരെ കേസ്

തൃശൂർ: തൃശൂർ പെരുന്പിലാവിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്ക് എതിരെ കേസ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കടവല്ലൂർ വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.
കേസെടുത്തത് കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവം കാരണം ഷെഹിറ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയിരുന്നു. ചങ്ങരംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലാണിവർ ചികിത്സ തേടിയത്. ഡോക്ടർ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ യുവതി ഒഴിഞ്ഞുമാറി. തുടർന്ന് പൊലീസിൽ ഡോക്ടറാണ് വിവരം അറിയിച്ചത്. പിന്നീട് ചങ്ങരംകുളം പൊലീസ് കുന്നംകുളം പൊലീസിന് ഇതേപ്പറ്റി വിവരം നൽകി.
പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കിണറ്റിൽ നിന്ന് ലഭിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു.