കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: കേരള കോൺഗ്രസ് ജോസഫ്− ജോസ് വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷം

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ്− ജോസ് വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന കോൺഗ്രസ് നിർദ്ദേശം ജോസ് കെ മാണി വിഭാഗം തള്ളി. ഇതോടെ മുപ്പതിന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി.
കേരള കോൺഗ്രസിന്റെ ഊഴത്തിൽ ആദ്യ എട്ടു മാസം ജോസ് കെ. മാണി പക്ഷത്തിനും, ശേഷിക്കുന്ന ആറുമാസം ജോസഫ് വിഭാഗത്തിനും പ്രസിഡന്റ് പദവി എന്നായിരുന്നു മുന്നണി ധാരണ. ഇതു പ്രകാരം ജൂലൈ 25ന് സ്ഥാനമേറ്റ ജോസ് ഗ്രൂപ്പിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ പദവി ഒഴിയാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. ധാരണ പാലിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ജോസ് പക്ഷം തള്ളി. 30ന് തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് യോഗത്തിൽ അനുകൂല തീരുമാനം വന്നില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ജോസഫ് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് മാറ്റത്തിന് മുന്നോടിയായാണ് യുഡിഎഫ് നിർദ്ദേശങ്ങൾ ലംഘിക്കുന്നതെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. ഇടതു മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണത്തോടെ കേരള കോൺഗ്രസുകളുടെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.