പ്രവാസികളിൽ നിന്ന് ക്വറന്‍റീൻ ചിലവ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഉമ്മൻചാണ്ടി

തിരുവനന്തപുരം: പ്രവാസികൾ ക്വാറന്‍റീൻ ചിലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ ഇത്തരമൊരു നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. .നമ്മുടെ നാടിന്റെ സന്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികൾ കെട്ടിയുണ്ടാക്കിയതാണ്. അവരോടുള്ള അവഹേളനമാണിത്. കേരളീയർക്ക് അപമാനമായ നടപടിയെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിലൂടെ ആരോപിച്ചു.
കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാന്പത്തികമായി തകർന്നാണ് അവർ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീൻ ചെലവു കൂടി താങ്ങാനുള്ള സാന്പത്തികശേഷി അവരിൽ മിക്കവർക്കുമില്ല. പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തിൽ മാറ്റംവരുത്തണമെന്നും അവരിൽ നിന്ന് ക്വാറന്റീൻ തുക ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.