കൈക്കൂലി നൽകാത്തതിന് ആർ.ടി.ഒ ലോറി ഡ്രൈവറെ മർദ്ദിച്ചതായി പരാതി

കണ്ണൂർ: കാട്ടിക്കുളം ചെക്ക് പോസ്റ്റിൽ ആർ.ടി.ഒയുടെ മർദ്ദനമേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് പരിക്കേറ്റ കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയിൽ മെൽബിനെയാണ് (25) വ്യാഴാഴ്ച രാത്രി 11 മണിയോടെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൈസൂരിൽ നിന്ന് പച്ചക്കറി ലോഡുമായി എത്തിയപ്പോൾ കൈക്കൂലി നൽകാത്തതിന്റെ പേരിലാണ് ആർ.ടി.ഒ മർദ്ദിച്ചതെന്ന് മെൽബിൻ പറഞ്ഞു. ചെക്ക് പോസ്റ്റിൽ വാഹനത്തിന്റെ രേഖകളുമായി ചെന്നപ്പോൾ രേഖകൾ വേണ്ടെന്നും പണം നൽകാൻ ആർടിഒ ആവശ്യപ്പെട്ടതെന്നും കൈയിൽ കാശില്ലെന്ന് പറഞ്ഞപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്നും മെൽബിൻ പറയുന്നു.
മർദ്ദനമേറ്റ് സമീപമുള്ള പോലീസ് ഔട്ട് പോസ്റ്റിലേക്ക് ഓടിക്കറിയ മെൽബിൻ അവിടെയുള്ള സർക്കിൾ ഇൻസ്പെക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. പിന്നാലെയെത്തിയ ആർ.ടി.ഒ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയ പോലീസ് പോകാൻ അനുവദിക്കുകയായിരുന്നുവെന്നും മെൽബിൻ പറഞ്ഞു. കേളകത്തെത്തിയപ്പോൾ കഴുത്ത് വേദനയെത്തുടർന്ന് അവശതയിലായ മെൽബിനെ സുഹൃത്ത് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.