പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്കു നോട്ടീസ് പതിക്കും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്കു മുന്നിൽ പ്രത്യേക നോട്ടീസ് പതിക്കാൻ തീരുമാനം. ജില്ലാ ഭരണകൂടമാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. നീരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നു സത്യവാങ്മൂലം എഴുതി വാങ്ങിക്കാനും തീരുമാനിച്ചു. കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ഡൗണിനു പിന്നാലെ പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
വൈറസ് വ്യാപനം തടഞ്ഞു ജനങ്ങളുടെ ജീവനു സംരക്ഷണം നൽകുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങൾ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയുമാണു ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 31-ന് അർദ്ധരാത്രിവരെയാണു പ്രാബല്യം.
മറ്റു രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്തു തിരികെ വന്നവരിൽ 274 പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. പുതുതായി ഏഴു പേരെക്കൂടി പത്തനംതിട്ടയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൊത്തം 20 പേരാണു ജില്ലയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.