നിരീക്ഷണത്തിലിരിക്കെ പുതിയ ഓഫീസ് തുറന്ന യു.എ.ഇ മലയാളിയെ അറസ്റ്റ് ചെയ്ത് ഐസൊലേഷനിലാക്കി

മലപ്പുറം: വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് കൂടുതലായും കേരളത്തില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ മലപ്പുറം പെരിന്തൽമണ്ണയിൽ യു എ ഇയില്‍ നിന്നെത്തിയ അക്കൗണ്ടന്‍റ് സ്വന്തം ഓഫീസ് പോലും തുറന്ന് പ്രവര്‍ത്തിപ്പിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇയാളെ ആംബുലന്‍സുമായെത്തി പോലീസ് അറസ്റ്റ് ചെയ്ത് ഐസലോഷനിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക മാധ്യമമാണ് വാർത്ത നൽകിയിരിക്കുന്നത്.
സംഭവം ഇങ്ങനെ
യു എ ഇയില്‍ നിന്ന് ഈ മാസം 12ാം തിയതി മലപ്പുറത്തെത്തിയ അക്കൗണ്ടന്‍റ് പെരിന്തല്‍മണ്ണയിലുള്ള ഓഫീസാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. ടാക്സേഷന്‍ സെന്‍റര്‍ എന്ന പേരിലെ സ്ഥാപനം പെരിന്തല്‍മണ്ണയിലാണ് പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത പഞ്ചായത്തിലാണ് ഇയാള്‍ താമസിക്കുന്നത്. വിദേശത്ത് നിന്ന് വന്നതിനാല്‍ ഹോം ക്വറന്‍റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതായി പോലീസിന് പരാതി ലഭിച്ചു. ഇതേ തുടര്‍ന്ന് പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ ഇയാള്‍ ഹോം ക്വറന്‍റൈന്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ ആംബുലന്‍സ് എത്തിച്ച് അറസ്റ്റ് ചെയ്ത് ഐസൊലേഷനിലാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പകര്‍ച്ച വ്യാധി പടര്‍ത്തുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. അതേസമയം നിരവധി പേര്‍ ഇയാളെ കാണാനായി ഓഫീസിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ഐസൊലേഷനിലാക്കി.