മാർക്ക് ദാന വിവാദത്തിൽ ഗവര്‍ണറുടെ പ്രസ്താവന ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എം.ജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ പ്രസ്താവന ഗൗരവമേറിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലകളിലെ സ്ഥിതിഗതികൾ ഗുരുതരമായതിനാലാണ് ഗവർണർക്ക് പ്രതികരിക്കേണ്ടിവന്നതെന്നും ഇതോടെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എം.ജി. സർവകലാശാല അദാലത്തിൽ മന്ത്രിക്ക് പങ്കെടുക്കാൻ കഴിയാത്തതിനാൽ പ്രൈവറ്റ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയത്. പ്രൈവറ്റ് സെക്രട്ടറി പ്രവർത്തിക്കുന്നത് മന്ത്രിക്ക് വേണ്ടിയാണ്. അദ്ദേഹമാണ് ഒരു കുട്ടിക്ക് മാർക്ക് കൂട്ടിനൽകാൻ തീരുമാനിച്ചത്. ഇത് അക്കാദമിക് കൗൺസിൽ തള്ളിയെങ്കിലും സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. ഇങ്ങനെ നൂറിലധികം വിദ്യാർഥികളെയാണ് വിജയിപ്പിക്കാൻ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരള യൂണിവേഴ്സിറ്റിയിലെ ഗുരുതര ക്രമക്കേട് സോഫ്റ്റ്വെയർ തകരാറാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. കേരള സർവകലാശാലയിൽ നടന്നത് ഗുരുതരമായ ക്രമക്കേടാണ്. സർവകലാശാലയുടെ കലണ്ടർ വരെ തീരുമാനിക്കുന്നത് മന്ത്രിയാണ്. കേരള സാങ്കേതിക സർവകലാശാലയിലും ഇതുതന്നെ സ്ഥിതി. സർവകലാശാലയുടെ പ്രോ ചാൻസലറായ മന്ത്രിക്ക് ഒരിക്കലും സർവകലാശാലയുടെ ദൈനംദിനകാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ല. പക്ഷേ, കെ.ടി. ജലീൽ സർവകലാശാലകളുടെ ദൈനംദിനകാര്യങ്ങളിൽ ഇടപെടുന്നു. ഇതിലെല്ലാം സ്വജനപക്ഷപാതവും അഴിമതിയുമുണ്ട്. അത് ഗവർണറുടെ പ്രസ്താവനയിൽ വ്യക്തമാണെന്നും ഗവർണറെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വിഷയത്തിൽ ഗവർണർ നടത്തിയ പ്രസ്താവന ഗൗരവമേറിയതാണ്. ഗവർണർ ഇത്തരത്തിലുള്ള വിഷയങ്ങളിൽ പ്രതികരിക്കുന്നതും പ്രസ്താവന നടത്തുന്നതും അപൂർവമാണെന്നും അത് സർക്കാർ ഉൾക്കൊള്ളണമെന്നും ഇനിയും മന്ത്രിയെ സംരക്ഷിക്കാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അത് കേരള ജനതയോടുള്ള അനീതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

