ചെങ്ങന്നൂർ കൊലപാതകം; പ്രതികളിൽ നിന്നും സ്വർണ്ണവും പണവും കണ്ടെടുത്തു

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വൃദ്ധ ദന്പതികളെ മോഷണത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിൽ നിന്നും 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കണ്ടെടുത്തു. മോഷ്ടിച്ച സ്വർണവും പണവുമായി കൊൽക്കത്ത വഴി ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
പ്രതികളായ ലബാലു, ജുവൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നിന്നും പൊലീസ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാരാണ് ഇവരിൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദന്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോൻ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കുടുംബസുഹൃത്തുകൾക്കൊപ്പം ചെറിയാനും ലില്ലിയും ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ട് മുതൽ ഇരുവരേയും സുഹൃത്തുകൾ ഫോണിൽ ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ പുറപ്പെടാനുള്ള സമയമായിട്ടും ഇരുവരേയും കാണാതിരുന്നതോടെ സുഹൃത്തുക്കൾ ഇവരെ തേടി വീട്ടിലെത്തി. ഇവരാണ് ഇരുവരേയും കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്.