പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല; പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ മുഖ്യപ്രതികകൾ ജയില്‍ മോചിതരായി
തിരുവനനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. യുണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം നൽകാതിരുന്നതാണ് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പ്രതികൾ സെൻട്രൽ ജയിൽ വിട്ടത്. നേരത്തെ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ഹൈക്കോടതി സ്വാഭാവിക ജാമ്യം നൽകാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതാണ് ഇത്തരത്തിൽ ജാമ്യം ലഭിക്കാനിടയാക്കിയത്.
പി.എസ്.സി തട്ടിപ്പ് കേസിലും സമാനമായ സാഹചര്യമാണുള്ളത്. പ്രതികളിൽ ചിലർകൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. പി.എസ്.സി കേസിൽ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു.യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ ആകെ 19 പ്രതികളാണുള്ളത്. ഇതിൽ ഒരാൾകൂടെ പിടിയിലാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് വലിയ വിമർശങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് പി.എസ്.സി കേസിലും സമാനമായ സാഹചര്യമുണ്ടായത്.

