കേരള കേഡറിലെ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥ സബ് കളക്ടറായി ചുമതലയേറ്റു


തിരുവനന്തപുരം: കേരള കേഡറിലെ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥ പ്രജ്ഞാൽ പാട്ടീൽ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. ആറാം വയസ്സിലുണ്ടായ അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട പ്രഞ്ജാൽ, പരിശീലനത്തിനു പോകാതെ സ്വപ്രയത്‌നത്തിലൂടെയാണ് 2017ൽ 124-ാം റാങ്കോടെ ഐ.എ.എസ് സ്വന്തമാക്കിയത്. ബിരുദ വിഷയമായിരുന്ന പൊളിറ്റിക്കൽ സയൻസാണു സിവിൽ സർവ്വീസ് ഓപ്ഷണലായി തിരഞ്ഞെടുത്തത്.

വിവിധ സോഫ്റ്റ്‍വെയറുകളുടെ സഹായത്തോടെയായിരുന്നു പഠനം. നിരവധി മോക്ക് ഇൻറ്റർവ്യൂകളിൽ പങ്കെടുത്തത് ആത്മവിശ്വാസം ഉയർത്താൻ സഹായിച്ചതായി പ്രജ്ഞാൽ പറഞ്ഞു. ആദ്യമെഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ 773-ാം റാങ്ക് നേടിയ പ്രജ്ഞാലിനു റെയിൽവേ അക്കൗണ്ട്‌സിൽ ജോലി ലഭിച്ചെങ്കിലും കാഴ്ചപരിമിതി കാരണം പ്രവേശിക്കാനായില്ല. എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണു സബ് കളക്ടറായി തലസ്ഥാനത്ത് എത്തുന്നത്. മുംബൈ സെന്റ് സേവ്യേഴ്‌സിൽ നിന്നു ബിരുദവും ന്യൂഡൽഹി ജെ.എൻയുവിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. ഭർത്താവും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണു കുടുംബം. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ അനുകുമാരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു സബ് കളക്ടർ ചുമതലയേറ്റത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed