പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്


കൊച്ചി: പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള സർക്കാർ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കൺസൾട്ടിങ് എൻജിനിയേഴ്സും ഇതിന്റെ മുൻ പ്രസിഡന്റ് അനിൽ ജോസഫും നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുത്. ലോഡ് ടെസ്റ്റ് നടത്തുന്നതിൽ വിദഗ്ദ്ധരുമായി ആലോചിച്ച് സർക്കാർ തീരുമാനം അറിയിക്കണം. സർക്കാർ ഇക്കാര്യത്തിൽ രണ്ടാഴ്ച്ചക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. മേൽപ്പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ കഴിയുമോയെന്നു പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണം, സമയബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താൻ സർക്കാരിനോടു നിർദേശിക്കണം, ഇ.ശ്രീധരന്റെ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ പോകുന്നത്. അറ്റക്കുറ്റപ്പണി നടത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഒരാളുടെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കാനൊരുങ്ങുന്നതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
ഭാര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മറുപടി നൽകാൻ രണ്ടാഴ്ചത്തെ സാവകാശം സർക്കാരിന് കോടതി നൽകിയത്. ഹർജി തീർപ്പാകുംവരെ പാലം പൊളിച്ചുപണിയാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed