വി.കെ പ്രശാന്തിന് എതിരെ വിമർശനവുമായി പദ്മജ വേണുഗോപാൽ
തിരുവനന്തപുരം: വി.കെ പ്രശാന്തിന് എതിരെ വിമർശനവുമായി പദ്മജ വേണുഗോപാലും രംഗത്ത്. ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു? ജനങ്ങൾ നൽകിയ സാധങ്ങൾ കയറ്റി അയക്കാൻ മേയർ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാൽ പറഞ്ഞു. വട്ടിയൂർക്കാവിൽ യു.ഡി.എഫ് പ്രചാരണത്തിൽ ഒരു കുറവും ഇല്ല. കെ. മോഹൻകുമാർ ശുദ്ധ ഹൃദയനായത് കൊണ്ടാണ് പരാതി പറഞ്ഞത്. അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് തന്‍റെ പേര് തിരുവനന്തപുരത്തു ഉയർന്നതെന്നും പദ്മജ കൂട്ടിച്ചേർത്തു.
പ്രളയ ബാധിതർക്കായി ജനങ്ങൾ കൈയ്യയച്ച് നൽകിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്‍റെ പ്രവർത്തന മികവെന്ന് കെ. മുരളീധരൻ നേരത്തെ പരിഹസിച്ചിരുന്നു. ഈ പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇത് മുൻനിർത്തിയുള്ള എൽ.ഡി.എഫ് പ്രചാരണങ്ങൾക്കെതിരെയായിരുന്നു മുരളീധരന്‍റെ പരിഹാസം.
ഏറെ തർക്കങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് കോൺഗ്രസിൽ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂർക്കാവിൽ കെ. മോഹൻകുമാർ സ്ഥാനാർത്ഥിയാകുന്നത്. മുൻ എം.പി പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശമായിരുന്നു കെ. മുരളീധരൻ എം.പി മുന്നോട്ട് വെച്ചത്. എന്നാൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ അടക്കം കുറുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കെ . മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

