പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികളുടെ റിമാന്‍ഡ് നീട്ടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. നാല് പ്രതികളുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്. ജാമ്യഹര്‍ജി നിലവില്‍ ഉള്ളതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്ന് സൂരജ് പ്രതികരിച്ചു. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പാലാരിവട്ടം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സൂരജ് പറഞ്ഞു.
അതേസമയം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നൽകരുതെന്നാണ് വിജിലൻസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതിന്‍റെ തുടർവാദവും ഇന്ന് കോടതിയിൽ നടക്കും. അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്ന മറ്റ് പ്രതികൾ.

