മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടില്ല


കൊച്ചി: സുപ്രീംകോടതി ഒഴിപ്പക്കല്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നല്‍കില്ല. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുമായി കളക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.
ഇതോടെ ഫ്‌ളാറ്റിലേക്കുള്ള വെള്ളവും വൈദ്യൂതിയും ഇന്ന് വൈകിട്ട് തന്നെ വിഛേദിക്കും. ഇന്ന് വൈകുന്നേരം തന്നെ ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് നിര്‍ദേശം നല്‍കി.

അതേസമയം 326 ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞു പോയത് 103 എണ്ണത്തിലെ താമസക്കാര്‍ മാത്രമാണ്. ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്പോട്ടു പോകുമെന്നും ഒഴിയാത്തവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. പുനരധിവാസത്തിനായി 196 കുടുംബങ്ങളേ നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുള്ളൂ. പുനരധിവാസം ആവശ്യമുള്ളവര്‍ക്കായി രണ്ടു തവണ സമയം നല്‍കിയതാണെന്നും ഇനിയും സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നുമാണ് സ്‌നേഹില്‍ കുമാര്‍ പറയുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നം സുഗമമായി ഒഴിയാന്‍വേണ്ടിയാണ് വൈദ്യൂതി ജല സംവിധാനങ്ങള്‍ പുന:സ്ഥാപിച്ചത്.
ഇന്ന് വൈകുന്നേരത്തോടെ ഇവ വിഛേദിക്കും. ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ പരിസരവാദികള്‍ ഭയപ്പെടേണ്ടതില്ലെന്നും ഫ്ളാറ്റുകൾ പൊളിക്കുന്ന സമയത്ത് നഷ്ടങ്ങൾ ഉണ്ടായാൽ, കരാറെടുത്ത ഏജൻസികളിൽ നിന്ന് ഈടാക്കി പരിസരവാസികള്‍ക്ക് നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. ഫ്ലാറ്റുകള്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ പൊളിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഇവര്‍ രംഗത്തു വന്നിരുന്നു. അതിനിടയില്‍ ഒഴിപ്പിക്കലിനെതിരേ ഒറ്റപ്പെട്ട സമരങ്ങളും പ്രതിഷേധങ്ങളും തുടരുന്നുണ്ട്. പൊളിക്കേണ്ട കെട്ടിടങ്ങളില്‍ 343 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണു നഗരസഭയുടെ കണക്ക്. 40 കുടുംബങ്ങള്‍ ഒഴിഞ്ഞതില്‍ മുപ്പതും വാടകക്കാരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed