പുത്തുമലയിലേത് ഉരുൾ പൊട്ടലല്ല; കനത്ത മണ്ണിടിച്ചിലെന്ന് റിപ്പോർട്ട്
കൽപ്പറ്റ്: വയനാട് പുത്തുമലയിലുണ്ടായത് ഉരുൾപൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. റിപ്പോർട്ട് കലക്ടർക്ക് കൈമാറി. അതിശക്തമായ മഴയും സോയിൽപൈപ്പിംഗും ഇതിന് കാരണമായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്ന്് ജില്ലാമണ്ണ് സംരക്ഷണവകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
20 ശതമാനം മുതൽ 60 ശതമാനം ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് ശരാശരി 1.50 മീറ്റർ മാത്രമാണ് മണ്ണിന് കനമുണ്ടായിരുന്നത്. ഇത് ഒന്‍പതിടങ്ങളിൽ നിന്നായി ഏകദേശം 20 ഹെക്ടറോളം ഭാഗം ഇടിഞ്ഞ് താഴേക്ക് ഒഴുകി.
അതിതീവ്ര മഴയും കൂടിയായതോടെ സോയിൽപൈപ്പിംഗ് പ്രതിഭാസം നടന്നു. കള്ളാടി എേസ്റ്ററ്റിൽ സ്ഥാപിച്ച മഴമാപിനിയിൽ 24 മണിക്കൂറിൽ 510 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് ഏകദേശം അഞ്ച് ലക്ഷം ടൺ മണ്ണും വെള്ളവും ആർത്തലച്ചെത്തിയത്. പ്രദേശത്തെ കുന്നിൽ വിള്ളലുകളോ മണ്ണും ജലവും കുന്നിന്റെ ഉൾഭാഗത്ത് നിന്ന് പുറത്തേക്ക് വന്നതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളോ കാണുന്നില്ല. അതിനാൽ ഇത് ഉരുൾപൊട്ടൽ അല്ല പുത്തുമലയിൽ ഉണ്ടായത് എന്നാണ് സൂചിപ്പിക്കുന്നത്.
1980കളിൽ മരം മുറിയെ തുടർന്ന് മുറിച്ച് മാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകൾ ദ്രവിച്ച് ഒന്നര മീറ്റർ ആഴത്തിലുളളതും പാറയോട് ചേർന്ന് നിൽക്കുന്നതുമായ മേൽമണ്ണിൽ ദ്വാരങ്ങൾ രൂപപ്പെടുന്നതിന് ഇടയാക്കി. ഇത്തരം കാരണങ്ങൾ പൈപ്പിംഗ് പ്രതിഭാസത്തിന് കാരണമാവുകയും അത് മേൽമണ്ണ് പാറയിൽ നിന്ന് വേർപ്പെട്ട് അതിവേഗം പതിക്കുന്നതിനും കാരണമായെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ പഠനം വേണമെന്നും ജില്ലാകലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
പുത്തുമലയിൽ ഒന്നര മീറ്റർ മാത്രമാണ് മണ്ണിന്റെ കനം. മാത്രമല്ല ഇരുപത് മുതൽ അറുപത് ഡിഗ്രി വരെ ചെരിവുള്ള പ്രദേശവുമാണിത്. ഇവിടെ വെള്ളമിറങ്ങിയതോടെ മണ്ണും പാറയും തമ്മിലുള്ള ബന്ധമില്ലാതായി. ഇതോടെയാണ് മണ്ണിടിച്ചിലുണ്ടായത്. കോഴിക്കോട് കാരശ്ശേരിയിലും സോയിൽ പൈപ്പിംഗ് പ്രതിഭാസമെന്ന് സംശയം. ഭൂമിക്കടിയിലൂടെ വെള്ളവും കളിമണ്ണും ഒഴുകിയെത്തുന്നതും ദുരന്തത്തിന് കാരണമാകുന്നു. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയാണ് കാരശ്ശേരിയിലേത്. ഇത്തരത്തിൽ ക്വാറികളിൽ പാറപൊട്ടിക്കുന്നത് സോയിൽ പൈപ്പിംങിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളിൽ വ്യക്തമായിരുന്നു.

