നെതർലാൻഡ്സിലേക്ക് 40,000 നഴ്സുമാരെ വേണം: കേരളത്തിൽ നിന്ന് എത്തിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യൂറോപ്യൻ രാജ്യമായ നെതർലാൻഡ്‌സിന് ആവശ്യമായ 40,000 നഴ്‌സുമാരെ കേരളത്തിൽ നിന്നും എത്തിച്ച് നൽകാമെന്ന് ഇന്ത്യയിലെ നെതർലാൻഡ്സ് സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെതർലൻഡ്സിൽ വലിയ തോതിൽ നഴ്സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30000− −40000 പേരുടെ ആവശ്യം ഇപ്പോൾ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടർന്നാണ് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നൽകിയത്. ന്യൂഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നെതർലൻഡ്സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ നഴ്സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞു. ഇത് സംബന്ധിച്ച തുടർ നടപടികൾ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതർലൻഡ്സ് രാജാവും രാജ്ഞിയും ഒക്ടോബർ 17, 18 തീയതികളിൽ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കന്പനി ഭാരവാഹികൾ, പ്രൊഫഷണലുകൾ, സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന 15−20 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാന്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും.

