കൊല്ലത്ത് എച്ച്1 എൻ1 പനി പടരുന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് മരണം 50 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: കൊല്ലത്ത് എച്ച്1 എൻ1 പനി പടരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് മരിച്ചത്. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം നെടുന്പന സ്വദേശിയായ ഒന്നരവയസ്സുകാരനും കൊട്ടിയം സ്വദേശിയായ നാലാം ക്ലാസ്സുകാരിയുമാണ് മരിച്ചത്. ഇതിന് പിന്നാലെ ജില്ലയിൽ അഞ്ചുപേർക്ക് കൂടി പനി സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേർ നിരീക്ഷണത്തിലാണ്. വായുവിലൂടെ പടരുന്ന രോഗമായതിനാൽ ജനങ്ങൾ മുൻ കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി, ശരീരവേദന, തലവേദന, തൊണ്ടവേദന, ചുമ, വയറിളക്കവും ചർദ്ദി, എന്നീ രോഗലക്ഷണങ്ങളുള്ളവർ എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടണമെന്നാണ് നിർദ്ദേശം.
തദ്ദേശമായുള്ളതും മഴയുള്ള കാലാവസ്ഥയായതിനാലും പെട്ടന്ന് വൈറസ് പടരുവാനും സാധ്യതയുണ്ട്. ജലദോഷപ്പനി വന്നാലും വിശ്രമവും വേണമെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എച്ച്1 എൻ1 പനിക്ക് പുറമെ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും പടരുന്നുണ്ട്.
ഇതിനിടെ കാസർഗോഡ ബദിയടുക്കയിൽ പനി ബാധിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിലെ വിശദമായ പരിശോധനകൾ തുടങ്ങി. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണുള്ളത്. കുട്ടികൾ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രികളിൽ നിന്നും സാന്പിളുകൾ പൂനൈ വൈറോളജി ലാബിലേക്ക് അയച്ചു.

