ആലപ്പുഴയിൽ തനിക്കെതിരേ പോസ്റ്റർ; വിമർശിച്ച് കാനം
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ ചുവരിലാണു പോസ്റ്റർ പതിച്ചിരിക്കുന്നത്. എൽദോ എബ്രഹാം എംഎൽഎയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും അഭിവാദ്യമർപ്പിച്ചുള്ളതാണു പോസ്റ്റർ. കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ എന്നാണു പോസ്റ്ററിൽ പറയുന്നത്. അന്പലപ്പുഴ സിപിഐയിലെ തിരുത്തൽവാദികൾ പതിച്ചത് എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. സിപിഐ മാർച്ചിനെ പോലീസ് ലാത്തിച്ചാർജ് ചെയ്യുകയും എൽദോ എബ്രഹാം എംഎൽഎയ്ക്കു പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറിക്കെതിരേ പോസ്റ്റർ പതിയുന്നത്.
അതേസമയം സംഭവത്തെ വിമർശിച്ച് കാനം രംഗത്തെത്തി. അഭിപ്രായമുള്ളവർ അതു പാർട്ടി ജനറൽ ബോഡിയിലാണു പറയേണ്ടതെന്നും പോസ്റ്ററിലൂടെയല്ലെന്നും കാനം പറഞ്ഞു. എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് ലാത്തിച്ചാർജ് ചെയ്തതിന്‍റെ പശ്ചാത്തിൽ, വീട്ടിലിരുന്ന എംഎൽഎയെ അല്ല പോലീസ് അടിച്ചത് എന്ന് കാനം പറഞ്‍ഞിരുന്നു.
കൊച്ചിയിലെ മാർച്ച് താനുമായി ആലോചിച്ചിട്ടല്ലെന്നു പറഞ്ഞില്ലെന്നും പോലീസ് നടപടിയെ ന്യായീകരിക്കുകയല്ല ചെയ്തത്. പോലീസ് വീട്ടിൽ കയറിയല്ല മർദിച്ചത് എന്ന പരാമർശം വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു. പോലീസിനെയാണോ എംഎൽഎയെ ആണോ വിശ്വാസം എന്ന ചോദ്യത്തിനു, സിപിഐ നേതാക്കൾക്കെതിരെയുള്ള പോലീസ് നടപടി ശരിയാണെന്നു താൻ പറഞ്ഞിട്ടില്ലെന്നു കാനം പ്രതികരിച്ചു.

