നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ്.പിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഇടുക്കി മുൻ എസ്.പി, ഡിവൈ.എസ്.പി എന്നിവർക്കെതിരേ അന്വേഷണം വേണമെന്നു കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ നെടുങ്കണ്ടം മുൻ എസ്.ഐ കെ.ഐ സാബു, സി.പി.ഒ സജീവ് ആന്‍റണി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ തൊടുപുഴ ജില്ല സെഷൻസ് കോടതിയുടേതാണു നിർദ്ദേശം.
എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും നിർദ്ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണു കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതിയായ എസ്.ഐ സാബു പറയുന്നത്. അദ്ദേഹം ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നു. എസ്.ഐയുടെ ആരോപണം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ എസ്.പി അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി നിർദ്ദേശിക്കുന്നു.
കസ്റ്റഡി മരണക്കേസിലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതി രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച ദിവസങ്ങളിൽ േസ്റ്റഷനിൽ ഉണ്ടായിരുന്നില്ലെന്നും മർദ്ദിച്ചിട്ടില്ലെന്നുമുള്ള വാദങ്ങൾ കളവാണെന്നും കോടതി കണ്ടെത്തി. ഇതിനായി പോലീസ് േസ്റ്റഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രതിയെ എത്തിച്ചപ്പോൾ ഇടതുകാലിലെ പരിക്കുമൂലം നടക്കാനാവാത്ത നിലയിലായിരുന്നു. ഇത് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ 22 പരിക്കുകൾ എങ്ങനെ ഉണ്ടായി എന്നറിയില്ലെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കാലുകൾ പിടിച്ച് ബലമായി അകറ്റുന്പോൾ തുടയിലെ മസിലുകൾക്കുണ്ടാകുന്ന ക്ഷതവും കാൽവെള്ളയിലെ പരിക്കും ഡോക്ടർക്ക് ഒറ്റനോട്ടത്തിൽ കണ്ടെത്താനാകില്ലെന്നും പിന്നീട് നീരുവയ്ക്കുന്പോഴാണ് ഇത് അറിയാനാകുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
തുടയിലെ മസിലിലെ പരിക്കും കാൽവെള്ളയിൽ ചൂരൽകൊണ്ട് അടിച്ചതിനെ തുടർന്നുണ്ടായ പരിക്കുമാണ് ന്യുമോണിയയിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. ഇതു കസ്റ്റഡി മർദ്ദനത്തെ തുടർന്നുണ്ടായതാണെന്നും കോടതി നിരീക്ഷിച്ചു.
ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമർദ്ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. ജൂൺ 12−നു കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം അന്യായമായി തടങ്കലിൽവച്ചാണു പീഡനത്തിനു വിധേയനാക്കിയത്. കേസിൽ എസ്.ഐ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തെങ്കിലും ആരോപണ വിധേയനായ എസ്.പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.

