യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: അഖിലിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് യൂണിവേഴ്‌സിറ്റി കോളേജിൽ വെച്ച് കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്റെ നിർണ്ണായക മൊഴി രേഖപ്പെടുത്തി പോലീസ്. ശിവരഞ്ജിത്തിന് കുത്താനായി നസീം ആണ് തന്നെ പിടിച്ചുവെച്ചതെന്നും അഖിൽ മൊഴി നൽകി. ഇക്കാര്യം അഖിൽ നേരത്തെ തന്നെ അച്ഛനെയും ഡോക്ടർമാരെയും അറിയിച്ചിരുന്നു. ഇതേ കാര്യങ്ങൾ തന്നെയാണ് അഖിലിപ്പോൾ പോലീസിനോടും ആവർത്തിച്ചിരിക്കുന്നത്. സംഭവ സമയം വലിയൊരു ആൾക്കൂട്ടം അവിടെ ഉണ്ടായിരുന്നുവെന്നും അഖിൽ പറയുന്നു.
ദൃസാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ അന്വേഷണം പുരോഗമിച്ചിരുന്നത്. മുൻ വൈരാഗ്യമാണ് ശിവരഞ്ജിത്തിനെ പ്രകോപിപ്പിച്ചതെന്ന് അഖിലിൽ നിന്നും മൊഴിയെടുത്ത ശേഷം പോലീസ് പറഞ്ഞു.
അഖിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. നിലവിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ ഇവരെ ഒളിവിൽ പോകാൻ സഹായിച്ചവരെ കുറിച്ചും ഒളിയിടവും കണ്ടെത്തണം. ഒപ്പം കോളജിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോൺ രേഖകളും പരിശോധിക്കേണ്ടി വരും.

