വീട്ടില്‍ സമാന്തര പിഎസ്‌സി ഓഫീസെന്ന് മുല്ലപ്പള്ളി:എസ്എഫ്ഐ"സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ'യായി മാറി: അബ്ദുള്ളക്കുട്ടി
കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിൽ ഉൾപ്പെട്ട പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ മുൻനിരയിൽ ഇടം നേടിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്എഫ്ഐക്കാരുടെ വീടുകളിൽ സമാന്തര പിഎസ്‌സി ഓഫീസുകൾ എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പിഎസ്‌സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സംഭവത്തേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട പിഎസ്‌സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കേരളത്തിലെ കലാശാലകളൊക്കെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇതൊന്നും മുഖ്യമന്തിക്ക് നിയന്ത്രിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് അതിന് ധാര്‍മിക അവകാശമില്ല. ഒരു നടപടിയെടുക്കാനും മുഖ്യമന്ത്രിക്കാവുന്നില്ല. നാട് ഇത്രയും തകര്‍ന്ന് തരിപ്പണമായിട്ടും നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്- മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റു തിരുത്തേണ്ടതെന്നും എന്നാല്‍ മാത്രമേ സംസ്ഥാനത്ത് ക്രമസമാധാന വാഴ്ച സൃഷ്ടിക്കാന്‍ സാധിക്കു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ എസ്എഫ്ഐക്കെതിരേ രൂക്ഷ വിമർശനവുമായി എ.പി. അബ്ദുള്ളക്കുട്ടി. നിരന്തരം അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന എസ്എഫ്ഐ "സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ'യായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. സംഘടനയെ ഉടൻ പിരിച്ചു വിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

